ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമായി (സിബിടി-കംപ്യൂട്ടർ ബെയ്സ്ഡ് ടെസ്റ്റ്) നടത്താൻ പ്രാഥമിക നടപടി തുടങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
സർക്കാർ സ്ഥാപനങ്ങളിലെ ഐടി അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനോട് (എഐസിടിഇ) നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആവശ്യപ്പെട്ടു.
രാജ്യത്തുടനീളം സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് സെന്ററുകൾ സ്ഥാപിക്കാൻ വിവരസാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ഒഴിഞ്ഞുകിടക്കുന്നതോ ഉപയോഗിക്കാത്തതോ ആയ സ്ഥലങ്ങളുടെയും വിശദാംശങ്ങൾ നൽകാൻ എഐസിടിഇ ആവശ്യപ്പെട്ടിട്ടുണ്ട്. 2027ൽ സിബിടി രീതിയിൽ നീറ്റ്-യുജി പരീക്ഷകൾ നടത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എൻടിഎ വിവിധ പരീക്ഷകൾ സിബിടി രീതിയിലാണ് നടത്തുന്നത്.
കൗൺസിലിന്റെ അംഗീകാരം ലഭിച്ച സർക്കാർ കോളജുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാത്രമേ വിവരങ്ങൾ തേടുകയുള്ളൂവെന്ന് എഐസിടിഇ വ്യക്തമാക്കി. പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളുടെ എണ്ണം, ഐടി അടിസ്ഥാന സൗകര്യങ്ങൾ, നെറ്റ്വർക്കിംഗ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി, വൈദ്യുതി ലഭ്യത, സിസിടിവി, അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാനാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.